‘അവൻ പിന്നാലെ നടന്ന് ശല്യം ചെയ്യും; ഒടുവിൽ കല്ലെടുത്ത് എറിഞ്ഞു’; സ്കൂൾകാല അനുഭവം പങ്കുവെച്ച് കയാദു ലോഹർ

Posted by

പത്താം ക്ലാസിൽ പഠിക്കുമ്പോൾ നേരിട്ട ഒരു മോശം അനുഭവം തുറന്നുപറഞ്ഞ് നടി കയാദു ലോഹർ. ട്യൂഷന് പോകുന്ന വഴിയിൽ ഒരാൾ ദിവസങ്ങളോളം പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്നും ഒടുവിൽ സഹികെട്ട് കല്ലെടുത്ത് എറിഞ്ഞുവെന്നുമാണ് താരം പറയുന്നത്.

ആദ്യ രണ്ട് ദിവസവും ആ ആളെ അവഗണിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചിരുന്നുവെന്ന് കയാദു പറഞ്ഞു. എന്നാൽ മൂന്നാം ദിവസം ശല്യം സഹിക്കാനാകാതെ വന്നപ്പോൾ കൈയിൽ കിട്ടിയ കല്ലെടുത്ത് അയാളുടെ നേരെ എറിയുകയായിരുന്നുവെന്നും താരം ഓർത്തെടുത്തു.

‘തല പൊട്ടി ചോര വരുന്നത് ഞാൻ കണ്ടു. അപ്പോൾ തന്നെ ഞാൻ അവിടെ നിന്ന് ഓടി. പിന്നീട് അവന്റെ ശല്യമുണ്ടായിട്ടില്ല,’ എന്നാണ് കയാദു പറഞ്ഞത്. എന്നാൽ എല്ലാവരും തന്നെപ്പോലെ പ്രതികരിക്കണമെന്നാണ് താൻ പറയുന്നതല്ലെന്നും, ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കാനും സ്വന്തം സുരക്ഷയ്ക്കായി ശബ്ദമുയർത്താനും പെൺകുട്ടികൾ പഠിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

ചെറുപ്പത്തിൽ പെൺകുട്ടിയായതിന്റെ പേരിൽ പല ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ടെന്നും കയാദു പറഞ്ഞു. ആ അനുഭവങ്ങളാണ് ഇന്ന് കൂടുതൽ കരുത്തുള്ള വ്യക്തിയാക്കി മാറ്റിയതെന്നും താരം വ്യക്തമാക്കി.

വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കയാദു മലയാളത്തിൽ ശ്രദ്ധ നേടിയത്. പിന്നീട് തമിഴ് ചിത്രം ‘ഡ്രാഗൺ’ ഉൾപ്പെടെ നിരവധി സിനിമകളിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി താരം മാറി. നിലവിൽ അഥർവ നായകനാകുന്ന ‘ഇദയം മുരളി’ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.