‘കടം ചോദിച്ച് വീട്ടിലെത്തിയവരുടെ മുന്നിൽ അച്ഛനൊപ്പം ഇരുന്നത് ഞാനായിരുന്നു’; ബാല്യകാലം തുറന്നുപറഞ്ഞ് വിജയ് സേതുപതി

Posted by

ബാല്യകാലത്ത് കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിജയ് സേതുപതി. കടം വാങ്ങിയവരുടെ മുന്നിൽ നിന്ന് ഒഴിഞ്ഞുമാറാതെ അച്ഛനൊപ്പം ഇരുന്ന ദിവസങ്ങളാണ് തന്നെ ജീവിതത്തിൽ കൂടുതൽ കരുത്തനാക്കിയതെന്ന് താരം പറഞ്ഞു.

‘വീട്ടിലേക്ക് കടം ചോദിച്ച് ആളുകൾ വരുമ്പോൾ അച്ഛന്റെ അടുത്ത് ഇരിക്കുന്നത് ഞാനായിരുന്നു. അന്നൊന്നും പേടിച്ച് മാറിനിൽക്കാൻ തോന്നിയിട്ടില്ല. ചെറുപ്പം മുതൽ അത്തരത്തിലുള്ള സാഹചര്യങ്ങളെയാണ് നേരിട്ടത്,’ എന്നാണ് വിജയ് സേതുപതി പറയുന്നത്.

സാമ്പത്തിക പരിമിതികളാണ് തന്റെ ആഗ്രഹങ്ങൾ പോലും നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ അതിന് പണമുണ്ടോ എന്ന ചിന്ത ആദ്യം വരുമായിരുന്നു. ആ അനുഭവങ്ങളാണ് ജീവിതത്തെ കൂടുതൽ യാഥാർഥ്യബോധത്തോടെ കാണാൻ പഠിപ്പിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

നടനാകുക എന്നത് ഒരിക്കലും തന്റെ സ്വപ്നമായിരുന്നില്ലെന്നും വിജയ് സേതുപതി വെളിപ്പെടുത്തി. ബിസിനസുകാരനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ജീവിതം തന്നെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പഠനകാലത്ത് തന്നെ വിവിധ ജോലികൾ ചെയ്തിട്ടുണ്ടെന്നും താരം ഓർത്തെടുത്തു. സെയിൽസ്മാനായും ഫാസ്റ്റ് ഫുഡ് കടയിലെ കാഷ്യറായും ടെലിഫോൺ ബൂത്ത് ജീവനക്കാരനായും ജോലി ചെയ്ത ശേഷമാണ് അക്കൗണ്ടന്റായി ദുബായിലേക്ക് പോയത്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്.

പ്രതിസന്ധികൾ എത്രയുണ്ടായാലും അതിൽ നിന്ന് ഓടിയൊളിക്കാതെ നേരിടാനാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും ആ അനുഭവങ്ങളാണ് ഇന്ന് കാണുന്ന വിജയ് സേതുപതിയെ വാർത്തെടുത്തതെന്നും താരം പറഞ്ഞു.