മലയാള സിനിമയിൽ തനിക്ക് ഇനിയും വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും അഭിനേത്രി എന്ന നിലയിൽ ഇപ്പോഴും ഒരു ‘ഫ്രെഷ് ഫേസ്’ ആണെന്നാണ് കരുതുന്നതെന്നും നടി ഗോപിക രമേശ്.
പലപ്പോഴും സിനിമാ മേഖലയിലുള്ളവരോട് സംസാരിക്കുമ്പോൾ ‘ഫ്രെഷ് ഫേസ്’ ആണ് വേണ്ടതെന്ന് പറയാറുണ്ടെന്ന് ഗോപിക പറയുന്നു. അപ്പോഴൊക്കെ താൻ ഇപ്പോഴും ഫ്രെഷാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
‘മലയാളത്തിൽ എന്റെ പ്രകടനം വേണ്ടത്ര എക്സ്പ്ലോർ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഞാൻ ഇപ്പോഴും ഒരു ഫ്രെഷ് ആക്ടറാണെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ “ഞങ്ങൾക്ക് നിന്നെ അറിയാം” എന്ന് പറഞ്ഞാൽ പിന്നെ എന്താണ് പറയാൻ കഴിയുക,’ എന്നാണ് ഗോപിക പറഞ്ഞത്.
2019ൽ പുറത്തിറങ്ങിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ‘വാങ്ക്’, ‘ഡ്രാഗൺ’, ‘ഐഡന്റിറ്റി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, അടുത്തിടെ പുറത്തിറങ്ങിയ ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടി.
നല്ല കഥാപാത്രങ്ങളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും, കരിയറിന്റെ ഈ ഘട്ടത്തിൽ ഓരോ അവസരവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഗോപിക കൂട്ടിച്ചേർത്തു.




