മാസങ്ങളുടെ കഠിനാധ്വാനം ഏതാനും സെക്കൻഡുകളിലൊതുക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. തന്റെ വെയ്റ്റ് ലോസ് യാത്രയുടെ വീഡിയോയാണ് ഗ്രേസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘Months of hardwork in few seconds’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
വീഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഒരു ചോദ്യത്തിനും അതിന് ഗ്രേസ് നൽകിയ മറുപടിയുമാണ്. ‘ആരാണ് നിങ്ങളുടെ പ്രചോദനം?’ എന്ന ചോദ്യത്തിന് ‘ഞാൻ തന്നെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. സ്വന്തം പോരാട്ടങ്ങളെയും പരിമിതികളെയും മറികടന്നാണ് ഈ നേട്ടമെന്ന് താരം സൂചിപ്പിക്കുന്നു.
അടുത്തിടെയാണ് ഗ്രേസ് തന്റെ വലിയ ബോഡി ട്രാൻസ്ഫർമേഷനെക്കുറിച്ച് തുറന്ന് പറഞ്ഞത്. എട്ട് മാസത്തിനിടെ 80 കിലോയിൽ നിന്ന് 65 കിലോയിലേക്ക് ഭാരം കുറയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും ഇടയ്ക്കിടെ സ്വയം സംശയിക്കുകയും തളരുകയും ചെയ്ത നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നും ഗ്രേസ് പറഞ്ഞിരുന്നു.
ഭാരക്കൂടുതലും ആരോഗ്യപ്രശ്നങ്ങളും കാരണം ഒരുകാലത്ത് നൃത്തം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഗ്രേസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആത്മവിശ്വാസവും ഫിറ്റ്നസും വീണ്ടെടുക്കാനുള്ള തീരുമാനമാണ് പിന്നീട് ഈ മാറ്റത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞിരുന്നു.
തന്റെ ഫിറ്റ്നസ് യാത്രയിൽ വ്യക്തിഗത പരിശീലകനായ അലി ഷിഫാസിന്റെ പിന്തുണ നിർണായകമായിരുന്നുവെന്നും ഗ്രേസ് പറഞ്ഞിട്ടുണ്ട്. ‘#hardwork’, ‘#proudofmyself’, ‘#weightlossjourney’ എന്നീ ഹാഷ്‌ടാഗുകളോടെയാണ് പുതിയ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
2016ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി ശ്രദ്ധ നേടുന്നത്. പിന്നീട് ‘കുമ്പളങ്ങി നൈറ്റ്സ്’, ‘റോഷാക്ക്’, ‘അപ്പൻ’, ‘നുണക്കുഴി’, ‘പറന്ത് പോ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി താരം മാറി.




