‘എമ്പുരാൻ’ വിവാദങ്ങൾക്കിടെ പൃഥ്വിരാജിനെതിരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ മോഹൻലാലിന്റെ പേരുപറഞ്ഞ് നടക്കുന്ന ചിലരാണെന്ന് ആരോപിച്ച് മല്ലിക സുകുമാരൻ.
മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും അറിവോ സമ്മതമോ ഇല്ലാതെയാണ് ചിലർ പൃഥ്വിരാജിനെ ലക്ഷ്യമിട്ടതെന്നാണ് മല്ലിക പറയുന്നത്. ‘ലാലുവിന്റെ സംരക്ഷകരാണ്’ എന്ന് സ്വയം കരുതുന്ന മൂന്നോ നാലോ പേരാണ് ഇതിന് പിന്നിലെന്നും അവർ വ്യക്തമാക്കി.
‘എമ്പുരാൻ’ വിവാദമുണ്ടായ സമയത്ത് പൃഥ്വിരാജ് മാത്രം കുറ്റക്കാരനായി മാറിയത് തനിക്ക് മനസിലായില്ലെന്നാണ് മല്ലിക പറയുന്നത്. സിനിമ നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും കഥ എഴുതിയത് മുരളി ഗോപിയുമാണ്. അങ്ങനെയിരിക്കെ എന്തിനാണ് മുഴുവൻ പഴിയും പൃഥ്വിരാജിന് മേൽ ചുമത്തിയതെന്ന ചോദ്യവും അവർ ഉയർത്തി.
മോഹൻലാലിന് സിനിമയിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ മറച്ചുവെച്ച് ഒന്നും നടന്നിട്ടില്ലെന്നും മല്ലിക പറഞ്ഞു. എന്നാൽ ചിലർ മനപ്പൂർവം പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് അവരുടെ ആരോപണം.
അഖിൽ മാരാരും മേജർ രവിയും നടത്തിയ ചില പരാമർശങ്ങളോട് താൻ പ്രതികരിച്ചിരുന്നുവെങ്കിലും വ്യക്തിപരമായി അവരോട് യാതൊരു വിരോധവുമില്ലെന്നും മല്ലിക വ്യക്തമാക്കി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രതികരണങ്ങൾ ഉണ്ടായതാകാമെന്നാണ് തന്റെ വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
പൃഥ്വിരാജിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പല ആരോപണങ്ങൾക്കും യാഥാർഥ്യവുമായി ബന്ധമില്ലെന്നും, തന്റെ മകനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും മല്ലിക നേരത്തെയും പറഞ്ഞിരുന്നു.
‘എന്റെ മകനെക്കുറിച്ച് എന്താണ് സത്യമെന്ന് അറിയാവുന്ന വലിയൊരു സമൂഹം എനിക്കൊപ്പമുണ്ട്. അതാണ് ഈ സമയത്ത് എനിക്ക് ഏറ്റവും വലിയ ആശ്വാസം,’ എന്നും മല്ലിക സുകുമാരൻ പറഞ്ഞു.




