മമ്മുട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൾ നേരത്ത് മയക്കം..! ടീസർ കാണാം..

മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്തു മയക്കം. ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തികരിച്ച ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ നടന്ന ചിത്രീകരണത്തിൽ ഏറിയ പങ്കും ചിത്രീകരിച്ചത് പഴനിയിൽ ആയിരുന്നു. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവ് എസ് ഹരീഷ് ആണ്.

ഇന്ന് ഈ ചിത്രത്തിന്റെ കൗതുകകരമായ ഒരു ടീസർ പുറത്തുവിട്ടു. ഈ ടീസറിൽ ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും കിടന്നു ഉറങ്ങുന്ന ഏതാനും ചില ദൃശ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെയാണ് എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ കാമറമാൻ. നടി രമ്യ പാണ്ഢ്യനും നടൻ അശോകനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. നൻപകൽ നേരത്തു മയക്കം ഏറെ കാലത്തിനു ശേഷം അശോകൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് .

മമ്മൂട്ടിയുടെ ഭാര്യ ആയാണ് രമ്യ പാണ്ഡ്യൻ എത്തുന്നത് എന്നാണ് സൂചന. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ഒടിടി റിലീസ് ആയിരിക്കും ചെറിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രം എന്നാണ് സൂചന . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദീപു ജോസെഫ് ആണ് . ഈ ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തിരിക്കുന്നത് ദുൽക്കർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ആണ് .

Scroll to Top