മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെയും പിതാവ് ബാബു ഷാഹിറിനെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഷോൺ ആൻറണിയെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും നിർമാണ ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമാണ് പ്രധാന ആരോപണം. ചിത്രത്തിനായി യഥാർഥത്തിൽ ചെലവായത് 18.65 കോടി രൂപ മാത്രമാണെന്നും ചിത്രം സൂപ്പർ ഹിറ്റായിട്ടും പരാതിക്കാരൻ സിറാജിന് ഒരു രൂപ പോലും തിരികെ നൽകിയില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നിർമാതാക്കളുടെ ഭാഗത്ത് നിന്ന് വ്യത്യസ്തമായ വാദമാണ് ഉയർന്നത്. വാഗ്ദാനം ചെയ്ത തുക കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ഷൂട്ടിങ് ഷെഡ്യൂളുകൾ തടസ്സപ്പെടുകയും വൻ നഷ്ടം സംഭവിക്കുകയും ചെയ്തെന്നും അതുകൊണ്ടാണ് ബാക്കി തുക നൽകാൻ കഴിയാതിരുന്നതെന്നും അവർ വാദിക്കുന്നു.




