തമിഴ് സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും നീണ്ട വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഔദ്യോഗികമായി വേർപിരിയുന്നു എന്ന വാർത്തകളാണ് ഇപ്പോൾ തമിഴ് സിനിമ ലോകത്ത് നിന്ന് പുറത്തുവരുന്നത്. ഏറെ നാളായി ഇരുവരും അകന്നു കഴിയുകയാണെന്ന വാർത്തകൾ നിലനിന്നിരുന്നെങ്കിലും, ഇപ്പോൾ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ ഇരുവരും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു ജ്യോത്സ്യന്റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനത്തിൽ ഇരുവരും എത്തിയത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട് സംഗീത സമർപ്പിച്ച ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി ഉടൻ പരിഗണിക്കും. ഏകദേശം 250 കോടി രൂപയോളം സംഗീതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും മക്കളുടെ ഭാവി സുരക്ഷയ്ക്കായി കൃത്യമായ വിഹിതം മാറ്റിവയ്ക്കാനും വിജയ് സമ്മതിച്ചതായാണ് വിവരം. മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ ഇരുവരും ചേർന്ന് ഏറ്റെടുക്കും.
1999-ലായിരുന്നു ഇവരുടെ വിവാഹം. വിജയ്‌യുടെ കടുത്ത ആരാധകയായിരുന്ന സംഗീത ലണ്ടനിൽ നിന്ന് അദ്ദേഹത്തെ കാണാൻ ചെന്നൈയിൽ എത്തിയതായിരുന്നു ഇവരുടെ പ്രണയത്തിന്റെ തുടക്കം. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇരുവരും നിയമപരമായി വേർപിരിയാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും സിനിമ തിരക്കുകളും ഇതിനിടയിൽ തുടരുമ്പോഴും വ്യക്തിജീവിതത്തിലെ ഈ മാറ്റം ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ വിജയ്‌യോ സംഗീതയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.




