താരസംഘടനയായ ‘അമ്മ’യിലെ നാടകീയ സംഭവവികാസങ്ങൾക്കിടെ അംഗത്വം രാജിവെച്ച് നടി ലക്ഷ്മിപ്രിയ. സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വൈകാരിക സന്ദേശത്തിലൂടെയാണ് താരം രാജി പ്രഖ്യാപിച്ചത്.
രാജിക്കത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ലക്ഷ്മിപ്രിയയുടെ വികാരനിർഭരമായ വാക്കുകളാണ്. ‘നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. എനിക്ക് പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ട’ എന്നാണ് അവർ കുറിച്ചത്.
കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്കാണ് തന്റെ രാജി സമർപ്പിക്കുന്നതെന്നും തന്നെ ആത്മാർഥമായി സ്നേഹിക്കുന്ന കുറച്ചുപേർ മാത്രമേ ജീവിതത്തിൽ ഉള്ളൂവെന്നും ബാക്കിയുള്ളവർ തന്റെ പടികടന്ന് വരരുതെന്നും ലക്ഷ്മിപ്രിയ സന്ദേശത്തിൽ പറയുന്നു.
ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ തീരുമാനവും. കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിലെത്തിയ വനിതാ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കിടെയാണ് സംഘടനയിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടത്.
നേരത്തെ നിലവിലെ ഭരണസമിതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്ന ലക്ഷ്മിപ്രിയ, റിപ്പോർട്ട് ബുക്കും കണക്കുകളും സംബന്ധിച്ച വിവാദങ്ങൾക്ക് ഉത്തരവാദികൾ മുൻ ഭരണസമിതിയാണെന്നും തുറന്നടിച്ചിരുന്നു. നിലവിലെ കമ്മിറ്റിയെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചിരുന്നു.
അൻസിബ ഹസനുമായുള്ള വിവാദങ്ങളും സംഘടനയ്ക്കുള്ളിലെ ചേരിപ്പോരും ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ ലക്ഷ്മിപ്രിയയുടെ രാജി. വൈകാരികമായ രാജിക്കത്ത് പുറത്തുവന്നതോടെ ‘അമ്മ’യിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുകയാണെന്നാണ് വിലയിരുത്തൽ.




