‘ഓരോ റൊണാൾഡോ ആരാധകനും കാത്തിരുന്ന നിമിഷം’; ‘സിയൂ’ ആഘോഷവുമായി അഞ്ജു കുര്യൻ

Posted by

പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസിക ‘സിയൂ’ ആഘോഷം ഏറ്റെടുത്ത് നടി അഞ്ജു കുര്യൻ. റൊണാൾഡോയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സിആർ7 ജഴ്സി അണിഞ്ഞ് മത്സരം ആസ്വദിക്കുന്നതും റൊണാൾഡോയുടെ സിഗ്നേച്ചർ ‘സിയൂ’ ആഘോഷം അനുകരിക്കുന്നതുമാണ് വീഡിയോയിൽ. ‘ഓരോ റൊണാൾഡോ ആരാധകനും കാത്തിരുന്ന നിമിഷം’ എന്ന കുറിപ്പോടെയാണ് അഞ്ജു വീഡിയോ പങ്കുവെച്ചത്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിമർശനങ്ങൾ നേരിട്ട റൊണാൾഡോ, ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. 41-ാം വയസ്സിലും തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി.

അഞ്ജുവിന്റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി റൊണാൾഡോ ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആവേശം പങ്കുവെച്ച് കമന്റുകളുമായി എത്തിയത്. ചിലർ പോർച്ചുഗലിന്റെ വിജയവും റൊണാൾഡോയുടെ പ്രകടനവും ആഘോഷിച്ചപ്പോൾ, എതിരാളി ടീമുകളുടെ ആരാധകർ ട്രോളുകളുമായും രംഗത്തെത്തി.

‘നേരം’, ‘പ്രേമം’, ‘ഞാൻ പ്രകാശൻ’, ‘കവി ഉദ്ദേശിച്ചത്..?’, ‘ജാക്ക് ഡാനിയൽ’ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജു കുര്യൻ. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് താരം.